കുവൈത്ത് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈറ്റിലെ മെഡിക്കൽ നിയമത്തിലെ ആർട്ടിക്കിൾ 9 അനുശാസിക്കുന്ന രോഗികളുടെ സ്വകാര്യത, അന്തസ്, എല്ലാവർക്കും ഒരുപോലെയുള്ള ചികിത്സ എന്നിവ സംബന്ധിച്ച അവകാശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കുവൈറ്റിലെ ചികിത്സാ കേന്ദ്രങ്ങൾക്കും രോഗികൾക്കും അവരുടേതായ വ്യക്തിപരമായ അവകാശങ്ങളുണ്ടെന്നും അവ ബഹുമാനിക്കപ്പെടേണ്ടതാണ്. കൂടാതെ ചികിത്സാ വേളയിൽ രോഗികളുടെ ഫോട്ടോ എടുക്കുന്നത് നിയമം മൂലം കർശനമായി വിലക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
മെഡിക്കൽ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രോഗികളെപ്പോലെ അവിടെ എത്തുന്ന മറ്റുള്ളവർക്കും ബാധകമാണെന്നും രാജ്യത്തെ ചികിത്സാ കേന്ദ്രങ്ങളുടെ സുരക്ഷയും ജനങ്ങളുടെ ആരോഗ്യവും ഉറപ്പാക്കേണ്ടത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്ന കാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.