വിവിധ മേഖലകളിലെ സഹകരണങ്ങൾ വിപുലപ്പെടുത്തിയും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഇറാനും ഒമാനും.നിക്ഷേപ അവസരങ്ങളുടെ കൈമാറ്റം, പ്രത്യേക സാമ്പത്തിക മേഖലകളിലേയും സ്വതന്ത്ര മേഖലകളിലേയും നിക്ഷേപം തുടങ്ങി സുപ്രധാന ധാരണാപത്രങ്ങളിലും കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ രണ്ട് ദിവസത്തെ ഇറാൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കരാറുകൾ ഒപ്പിട്ടത്.
വ്യാപാരം, ഊർജം, നിക്ഷേപം, സംസ്കാരം എന്നീ മേഖലകളിൽ പരസ്പര ബന്ധങ്ങൾ വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലേയും നേതാക്കൾ ചർച്ച നടത്തി. ഭാവിയിൽ ബന്ധം വിപുലപ്പെടുത്താനുള്ള താൽപര്യം, സംയുക്ത കമ്മിറ്റികൾക്കും വർക് ടീമുകൾക്കുമുള്ള പിന്തുണ, വിവിധ മേഖലകളിലെ സന്ദർശനങ്ങൾ എന്നിവ സംബന്ധുച്ചും ധാരണയായയതായി ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലും വീക്ഷണങ്ങൾ കൈമാറി. രാഷ്ട്രീയ കൂടിയാലോചനകളുടെയും തുടർച്ചയുണ്ടാകുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും സൂചിപ്പിച്ചു. ഇറാൻ ഗവൺമെൻ്റ് പിന്തുടരുന്ന നല്ല അയൽപക്ക നയത്തേയും ഒമാൻ ഭരണാധികാരി അഭിനന്ദിച്ചു.