കുവൈത്ത് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ അല്പസമയത്തിനകം കേരളത്തിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10.30ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. ഇന്ത്യൻ സമയം 6.20- ഓടെ കുവൈത്തിൽനിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് സമയത്തിൽ മാറ്റം വരുത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തി.
കുവൈത്തിൽനിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്. 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയിൽ ഇറക്കുക. തുടർന്ന് വിമാനം ഡൽഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലാണ് ഇറക്കുക.
വിമാനത്താവളത്തിൽ അധികനേരം പൊതുദർശനമുണ്ടാകില്ല. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. നെടുമ്പാശ്ശേരിയിൽ സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം മരണപ്പെട്ടവരുടെ വീടുകളിലെത്തിക്കും. ഇതിനായി ആംബുലൻസുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലെത്തിച്ച ശേഷമാണ് അതാത് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുക. ഇതിനായി തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിൽ വിമാനം എത്തി അവിടുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആദ്യം ആലോചിച്ചത്. എന്നാൽ, ചീഫ് സെക്രട്ടറി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, ഏറ്റവും കൂടുതൽ പേർ കേരളത്തിൽനിന്നുള്ളവരായതുകൊണ്ട് നെടുമ്പാശ്ശേരിയിൽ എത്തിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.