ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഒക്ടോബർ 28 വരെ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ഒമാനിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവമുള്ളതിനാൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഹജാർ മലനിരകളിലും, സമീപപ്രദേശങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്യുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. അതിനാൽ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും വെള്ളത്തിന്റെ കുത്തൊഴുക്കും ഉണ്ടാകാനിടയുള്ളതിനാൽ പ്രദേശവാസികളും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.