ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകിട്ടോടെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവ്വതനിരകളിലുമായിരിക്കും ശക്തമായ മഴ പെയ്യാൻ സാധ്യത.
ചില സ്ഥലങ്ങളിൽ 10 മുതൽ 30 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വിവിധ പ്രദേശങ്ങളിൽ മണിക്കൂറിൽ 37 മുതൽ 55 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യയുണ്ട്. കാലാവസ്ഥ രൂക്ഷമാകുന്നതിനേത്തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവും അധികൃതർ നല്കിയിട്ടുണ്ട്.
വാദികളിൽ നിന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്നും ജനങ്ങൾ മാറിനിൽക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. കൂടാതെ കുട്ടികളെ വാദികളിൽ നിന്താൻ അനുവദിക്കരുതെന്നും അവരെ പൊതുഇടങ്ങളിൽ കൊണ്ടുപോകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.