നവീകരണത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കീഴിലെ ഹമദ് ജനറൽ ആശുപത്രി 2 വർഷത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. ഘട്ടം ഘട്ടമായുള്ള നവീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ മുതലാണ് ആശുപത്രി അടച്ചിടുക. അതിനാൽ നിലവിലെ പ്രവർത്തനങ്ങൾ ഐഷ അൽ അത്തിയ ആശുപത്രി, മെഡിക്കൽ കെയർ ആൻ്റ് സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പൊതുമരാമത്ത് അതോറിറ്റിയാണ് ആശുപത്രിയുടെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് എച്ച്എംസി അധികൃതർ ഇതുവരെ നൽകിയിട്ടില്ല. 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആശുപത്രിയിൽ നിലവിൽ 603 കിടക്കകളാണുള്ളത്. ആതുരസേവന രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രിക്ക് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ ഈ വർഷത്തെ ക്വാളിറ്റി ഇംപ്രൂവ്മെന്റ്-പേഷ്യന്റ് സേഫ്റ്റിയിലെ മികവിനുള്ള പുരസ്ക്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.