ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഇരുവരും ദുഃഖം പങ്കുവച്ചത്. നേരത്തേ യുഎഇ പ്രസിഡന്റും രാഷ്ട്രപതിയെ അനുശോചനം അറിയിച്ചിരുന്നു.
ഇന്ത്യയിലെ ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച അപകട വാർത്തയും സംഭവത്തിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടതും നിരവധി പേർക്ക് പരിക്കേറ്റതായും അറിഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും സന്ദേശത്തിലൂടെ അറിയിച്ചു.
അതേസമയം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. അപകടത്തിന് ഇരയായ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും സുൽത്താൻ ആശംസിച്ചു. അതേസമയം കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. സംഭവത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമുവിന് അദ്ദേഹം അനുശോചന സന്ദേശം അയച്ചു.
ഒഡിഷയിലെ ബാലസോറിലാണ് പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി അപകടം ഉണ്ടായത്. 288 ആളുകൾ മരണപ്പെട്ടതായാണ് കണക്ക്. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. 900 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകിയ വിശദീകരണം. പരിക്കേറ്റവരെ സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.