ദുബായിൽ സ്വർണ്ണവില കുറയുന്നു. സ്വർണ്ണ വില കുറയുന്നതോടെ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 219.50 ദിർഹമായിരുന്നത് ഇന്ന് 216.75 ദിർഹമായി കുറഞ്ഞു. 24 കാരറ്റിന് ഗ്രാമിന് ഇന്നലെ 237 ദിർഹമായിരുന്നത് ഇന്ന് 234.25 ദിർഹമായും കുറഞ്ഞു. 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് പവന് 1734 ദിർഹവും 24 കാരറ്റിന് 1874 ദിർഹവുമാണ് വിപണിയിലെ വില.
കുറച്ച് ദിവസങ്ങളായി സ്വർണ്ണ വിലയിൽ നേരിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ 2023 ന്റെ രണ്ടാം പകുതിയിൽ സ്വർണ വില വലിയ തോതിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ജ്വല്ലറികളിൽ വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ദുബായ് ഗോൾഡ് സൂക്കിൽ ഉൾപ്പെടെ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. സമീപ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
2023-ൽ സ്വർണ്ണത്തിന് 10 ശതമാനം മുതൽ 15 ശതമാനം വരെയോ അല്ലെങ്കിൽ അതിലും കൂടുതലോ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് 2024 ആകുമ്പോഴേക്കും ഗ്രാമിന്റെ വിലയിൽ ഏകദേശം 50 ദിർഹത്തിന്റെ വർധനവ് ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നത്. പണപ്പെരുപ്പവും ഫെഡ് പലിശ നിരക്കുമാണ് ആഗോള രംഗത്ത് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. പലിശ നിരക്കുകൾ വർധിപ്പിക്കാതിരിക്കുമ്പോൾ നിക്ഷേപങ്ങളിലെ വരുമാനം കുറയുകയും ആളുകൾ കൂടുതലായി സ്വർണ്ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വർണത്തിന്റെ ഡിമാന്റും വിലയും വർധിപ്പിക്കാൻ കാരണമാകും.