ചെറിയ പെരുന്നാൾ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ദുബായ് ഗ്ലോബൽ വില്ലേജ് ആഘോഷങ്ങളിൽ മുങ്ങിയിരിക്കുകയാണ്. പെരുന്നാളിനോടനുബന്ധിച്ച് അതിഗംഭീര പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് അവ ആസ്വദിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
ഈദ് അൽ ഫിത്തറിന്റെ അവധി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 2 മണി വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ഈ കാലയളവിൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് കലാപ്രകടനവും ആസ്വദിക്കാൻ സാധിക്കും. റമദാൻ മാസം ആരംഭിച്ചത് മുതൽ വൈകിട്ട് 6 മണി മുതലാണ് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നത്. ഈ സമയത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. പ്രവർത്തന സമയം നീട്ടിയതോടെ ഇവിടെയെത്തുന്നവർക്ക് കൂടുതൽ സമയം കാഴ്ചകൾ ആസ്വദിക്കാനും ആഘോഷങ്ങളിൽ പങ്കുചേരാനും സാധിക്കും.
200-ലധികം സാംസ്കാരിക – വിനോദ പരിപാടികളാണ് ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. 250-ലധികം റെസ്റ്റോറൻ്റുകൾ, കിയോസ്ക്കുകൾ, ഫുഡ് ട്രക്കുകൾ, കഫേകൾ എന്നിവയിൽ നിന്നുള്ള വിവിധ രുചികൾ ആസ്വദിക്കാനുള്ള അവസരവും ലഭിക്കും. ഏപ്രിൽ 28-നാണ് ഗ്ലോബൽ വില്ലേജിന്റെ ഈ സീസൺ അവസാനിക്കുക.