പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ദുബായിൽ സൗജന്യ പാർക്കിങ് അനുവദിച്ച് റോഡ് ഗതാഗത അതോറിറ്റി. മൾട്ടി ലെവൽ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ട് ദിവസം ദുബായിലെ താമസക്കാർക്ക് സൗജന്യ പാർക്കിങ് ആസ്വദിക്കാൻ സാധിക്കും.
ശനി, ഞായർ, തിങ്കൾ എന്നീ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഇത്തവണ പുതുവത്സര ദിനാഘോഷത്തിനായി ലഭിക്കും. സ്വകാര്യ, പൊതുമേഖലകളിലെ ജീവനക്കാർക്ക് മന്ത്രാലയങ്ങൾ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ആർ.ടി.എയുടെ ടെക്നിക്കൽ ടെസ്റ്റിങ്ങും കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
പുതുവത്സരം ആഘോഷിക്കാനായി ഇത്തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിൽ വിനോദസഞ്ചാരികൾ ദുബായിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.