ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വിപുലീകരണ പദ്ധതിക്ക് തുടക്കം. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പദ്ധതിക്ക് തറക്കല്ലിട്ടു. 1,90,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്.
240 കോടി ദിർഹത്തിന്റെ വിപുലീകരണ പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ടെർമിനലിന്റെ വിപുലീകരണം. പദ്ധതി പൂർത്തിയാകുന്നതോടെ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി പ്രതിവർഷം രണ്ട് കോടിയായി ഉയർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2027-ഓടെ വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് സൂചന.
വിമാനത്താവളത്തിലെ സെൽഫ് ചെക്ക് ഇൻ യന്ത്രങ്ങൾ, ഇലക്ട്രോണിക് ബോർഡിങ് ഗേറ്റുകൾ, കാത്തിരിപ്പ് ലോഞ്ചുകൾ, ഭക്ഷണശാലകൾ, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഹോട്ടൽ എന്നിവയുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെയുള്ളവ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് വിലയിരുത്തി.