ദുബായ് നഗരത്തിലൂടെ ഇനി ഫുഡ് ഡെലിവറി റോബോട്ടുകൾ ചീറിപ്പായും. എമിറേറ്റിൽ ഫുഡ് ഡെലിവറി അതിവേഗം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോബോട്ടുകളെ നിരത്തിലിറക്കാനൊരുങ്ങുകയാണ് അധികൃതർ. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്കാണ് ഇനി ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ കുതിക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം മുതൽ മൂന്ന് റോബോട്ടുകൾ എക്സ്പോ സിറ്റിയടക്കമുള്ള സുസ്ഥിര നഗരത്തിൽ പ്രവർത്തനം തുടങ്ങും. ദുബായ് ഫ്യൂച്ചർ ലാബ്‌സും ലൈവ് ഗ്ലോബലും സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. 30 മിനിറ്റിനകം ഡെലിവറി ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിലാണ് റോബോട്ടുകളുടെ രൂപകൽപന. നിലവിൽ സിലിക്കൺ ഒയാസിസിലാണ് ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റോബോട്ടുകൾ നിരത്തിലിറങ്ങുന്നത്.
സുസ്ഥിര നഗരത്തിന്റെ രൂപകൽപ്പന റോബോട്ടുകളുടെ പ്രവർത്തനത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ഡെലിവറി സേവനങ്ങൾ എളുപ്പവും വേഗമേറിയതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ദുബായ് ഫ്യൂച്ചർ ലാബ്‌സ് രൂപകൽപന ചെയ്‌ത റോബോട്ടുകളിൽ ലൈവ് ഗ്ലോബലിന്റെ സ്മാർട്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്.