ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവമായ ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് സൗദിയിൽ തുടക്കമായി. സൗദിയിലെ തായിഫിൽ ആരംഭിച്ച ഒട്ടകോത്സവത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഒട്ടകങ്ങൾ മത്സരിക്കും. സൗദി കാമൽ ഫെഡറേഷാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മത്സരത്തിലെ വിജയികൾക്ക് വലിയ സമ്മാനതുകയാണ് സംഘാടകർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ അഞ്ചാമത് എഡിഷനായ ഇത്തവണ സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒട്ടകയുടമയ്ക്ക് നൽകുന്ന ക്രൗൺ പ്രിൻസ് വാൾ അവാർഡിന്റെ തുക 10 ലക്ഷം റിയാലിൽ നിന്ന് 17.5 ലക്ഷം റിയാലായി ഉയർത്തി. മൊത്തം സമ്മാനതുക 5.7 കോടി കവിയുമെന്നും സംഘാടകർ പറഞ്ഞു.
ഗൾഫ്, അറബ് മേഖലയിലെയും രാജ്യാന്തര തലത്തിലെയും ഒട്ടകയുടമകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം നടക്കുക. അവസാന റൗണ്ട് മത്സരം ഓഗസ്റ്റ് 28 ന് ആരംഭിക്കും. അഞ്ച് മാരത്തൺ ഓട്ടങ്ങളും 239 റൗണ്ടുകളും അവസാനഘട്ടത്തിലുണ്ടാകും.