യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഈദ് നമസ്കാരത്തിനുളള സമയം അധികൃതര്‍ പുറത്തുവിട്ടു. അബുദാബിയില്‍ പുലര്‍ച്ചെ 6.03നും, ദുബായില്‍ 5.59 നും ഷാര്‍ജയില്‍ 5.58നും അജ്മാനില്‍ 5.57നും ഉമ്മുൽഖുവൈനില്‍ 5.57നും റാസ് അല്‍ ഖൈമയില്‍ 5.56 നും ഫുജൈറയില്‍ 5.58 നും അൽഐനിൽ 5.57നുമാണ് നമസ്കാര സമയം.
വിശുദ്ധ റമദാൻ മാസത്തെ പിന്തുടരുന്ന ഇസ്ലാമിക മാസമായ ശവ്വാലിന്റെ ആദ്യ ദിവസത്തിലാണ് പ്രത്യേക പ്രാർത്ഥനകൾ നടക്കുക. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഈദ് അൽ ഫിത്തർ മെയ് രണ്ടിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക ഈദ് നമസ്കാരത്തിനായി വിശ്വാസികളെ സ്വീകരിക്കാൻ യുഎഇയിലുടനീളമുള്ള പള്ളികൾ ഒരുങ്ങുകയാണ്.
അതേസമയം പ്രാർത്ഥനാ സമയത്ത് മസ്ജിദുകളിലും ഈദ് ഗാഹുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ആഘോഷപരിപാടികളെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.