ശക്തമായ മഴയേത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ടതോടെ അടച്ചിട്ട ദുബായിലെ എനർജി മെട്രോ സ്റ്റേഷൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയണ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി വ്യക്തമാക്കിയത്. മെയ് 28-ന് സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന് മുമ്പായി സ്റ്റേഷൻ ജനങ്ങൾക്ക് തുറന്നുനൽകുകയായിരുന്നു. ഇതോടെ നീണ്ടനാളത്തെ ജനങ്ങളുടെ യാത്രാദുരിതമാണ് അവസാനിക്കുന്നത്.
ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും ടെസ്റ്റിംഗ് ജോലികളും പൂർത്തിയാക്കിയതിന് ശേഷമാണ് സ്റ്റേഷൻ തുറന്നിരിക്കുന്നത്. മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്ഫോം വാതിലുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, മറ്റ് സേവന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളുടെയും കാര്യക്ഷമത ആർ.ടി.എ നിരവധി പരിശോധനകൾ നടത്തി ഉറപ്പാക്കുകയും പിന്നീട് ട്രയൽ സർവ്വീസുകൾ നടത്തുകയും ചെയ്ത ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്.
ഏപ്രിൽ പകുതിയോടെ ദുബായിൽ പെയ്ത ശക്തമായ മഴയിൽ കേടുപാടുകൾ സംഭവിച്ചതിനേത്തുടർന്ന് ആർടിഎ അധികൃതർ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മെയ് 19 ന് ഓൺപാസീവ്, ഇക്വിറ്റി, മശ്റഖ് എന്നീ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചിരുന്നു.