ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പാർക്കിൻ. ദുബായ് ആസ്ഥാനമായുള്ള പാർക്കിൻ കമ്പനി യുഎഇക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ നൽകാനുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് പാർക്കിൻ.
സൗദി കോൺഗ്ലോമറേറ്റ് ബാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് ആന്റ് ലോജിസ്റ്റിക് കമ്പനിയുമായാണ് പാർക്കിൻ കരാറിൽ ഒപ്പിട്ടത്. മുനിസിപ്പാലിറ്റികൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ഷോപ്പിംഗ് സെൻ്ററുകൾ, ഹോട്ടലുകൾ, മറ്റ് വേദികൾ എന്നിവയുടെ നടത്തിപ്പുകാരുമായി സഹകരിച്ച് സൗദി വിപണിയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
പാർക്കിംഗ് ലളിതമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനുമായി എഐ, തത്സമയ ഡാറ്റാ വിശകലനം, ഡിജിറ്റൽ ഗേറ്റുകൾ, സെൻസറുകൾ, സ്മാർട്ട് ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.