കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി ആകാശപ്പൂന്തോട്ടം വീണ്ടും സന്ദർശകർക്കായി തുറന്നു. എക്സ്പോ 2020 സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗാർഡൻ ഇൻ ദി സ്കൈ (ആകാശപ്പൂന്തോട്ടം). 55 മീറ്റർ ഉയരത്തിൽ നിന്ന് ദുബായ് എക്സ്പോ സിറ്റിയുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന എക്സ്പോ സിറ്റിയിലെ പ്രധാന റൈഡുകളിൽ ഒന്നാണ് ഇത്.
അറ്റകുറ്റപ്പണികളെ തുടർന്ന് മേയ് 25നാണ് ആകാശപ്പൂന്തോട്ടം താൽക്കാലികമായി അടച്ചിട്ടത്. സാധാരണ റൈഡുകളിൽനിന്ന് തികച്ചും വ്യത്യസ്ത മായ അനുഭവം സമ്മാനിക്കുന്ന ഒന്നാണ് ഗാർഡൻ ഇൻ ദി സ്കൈ. ഭൂമിയിൽ നിന്ന് കറങ്ങി 55 മീറ്റർ ഉയരത്തിലെത്തുന്ന പൂന്തോട്ടത്തിൽ നിന്ന് നോക്കിയാൽ നഗരത്തിന്റെ ദൃശ്യഭംഗി പൂർണ്ണമായും സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
വിവിധ വർണ്ണങ്ങളിലുള്ള ലെറ്റുകളാൽ അതിമനോഹരമായാണ് ഇവിടം അലങ്കരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 30 ദിർഹമാണ് പ്രവേശനഫീസ്. രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.