ദുബായിലെ ജലഗതാഗത മേഖലയുടെ പ്രവർത്തനം ഇനി കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാകും. ഇതിനായി പ്രത്യേക സമയക്രമം തയ്യാറാക്കാൻ തിരുമാനിച്ചിരിക്കുകയാണ് ആർടിഎ. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും പ്രത്യേക സമയക്രമം ഒരുക്കുന്നത്.
സർവ്വീസ് എപ്പോൾ ആരംഭിക്കണം, അവസാനിപ്പിക്കണം, എത്ര സമയത്തെ ഇടവേളകളിൽ സർവീസ് നടത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ആർടിഎ അധികൃതർ തീരുമാനിക്കുക. ജനങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സമയം, വിനോദസഞ്ചാരികളുടെ വരവ്, വരുമാനം എന്നിവയും സമയക്രമം ഒരുക്കാൻ പരിഗണിക്കും.
ദിവസേന എത്ര യാത്രക്കാർ ജലഗതാഗതം ഉപയോഗിക്കുന്നു എന്നത് ഉൾപ്പെടെയുള്ള വിവരശേഖരണം നടത്താനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്. ശൈത്യകാലത്തെ ഗതാഗത സമയക്രമം ഉടൻ അധികൃതർ പ്രഖ്യാപിക്കും.