എയർ ടാക്സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജോബി ഏവിയേഷനിലെ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ടൈലർ ട്രെറോട്ടോല പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായിലെ നാല് തന്ത്രപ്രധാനമായ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവയാണ് സ്റ്റേഷനുകൾ. അവ സ്കൈപോർട്ടുമായി സഹകരിച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഈ സ്ഥലങ്ങളിൽ ടേക്ക്-ഓഫ്, ലാൻഡിംഗ് ഏരിയകൾ, ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങൾ, ഒരു പ്രത്യേക പാസഞ്ചർ ഏരിയ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവയും ഒരുക്കും.
നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാൻ കഴിയുന്ന നൂതന എയർ ടാക്സികളാണ് ദുബായിലൂടെ പറക്കുക. വിമാനത്തിന് 320 കിലോമീറ്റർ വരെ വേഗതയും 160 കിലോമീറ്റർ വരെ ദൂരപരിധിയും ഉണ്ട്. ഇവ 45 ഡെസിബെല്ലിൽ കൂടാത്ത ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. അതിനാൽ ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ഇതിന് വളരെ ശബ്ദം കുറവുമായിരിക്കും. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രാ സമയം 10-12 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.