ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസണിന് ഒക്ടോബർ 1-ന് തുടക്കമാകും. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്. പുതിയ സീസണിന്റെ ഭാഗമായി പാർക്കിലെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
സന്ദർശകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും, ജൈവവൈവിദ്ധ്യങ്ങളെയും അടുത്തറിയുന്നതിനുള്ള അവസരമാണ് ദുബായ് സഫാരി പാർക്ക് ഒരുക്കുന്നത്. മൃഗങ്ങളും പക്ഷികളുമെല്ലാം പ്രകൃതിയുടെ ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിലാണ് സഫാരി പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ആറ് വ്യത്യസ്ത സോണുകളിലായി 3000-ലധികം വന്യജീവികളാണ് പാർക്കിലുള്ളത്. വന്യജീവി സംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പാർക്ക് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് പകരുന്നത്.