വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള നൂതന സംവിധാനം ആരംഭിച്ച് ദുബായ്. ദുബായിലെ ജബൽ അലി ഏരിയയിലാണ് ആദ്യത്തെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷൻ അനാച്ഛാദനം ചെയ്തത്. പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ (പിസിഎഫ്സി) എന്നിവയുടെ നേതൃത്വത്തിലാണ് എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത്.
ഏകദേശം 2 ദശലക്ഷം ദിർഹം ചെലവിൽ 16 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വായു മോണിറ്ററിംഗ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. 101 തരം വായു മലിനീകരണം അളക്കാൻ ശേഷിയുള്ള 11 സെൻസറുകൾ കൊണ്ടാണ് പുതിയ സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് പാരിസ്ഥിതിക ആഘാതങ്ങൾ നിരീക്ഷിക്കുന്നതിലും മേഖലയിലെ വായു ഗുണനിലവാരത്തിൽ വ്യാവസായിക, ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ ഫലങ്ങൾ വിലയിരുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.
ദുബായിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭം. പ്രാദേശികവും ദേശീയവുമായ പാരിസ്ഥിതിക നയങ്ങൾ നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ കൃത്യമായ ഡാറ്റയും ആനുകാലിക റിപ്പോർട്ടുകളും സ്റ്റേഷൻ നൽകുന്നുണ്ടെന്ന് ട്രാഖീസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പ്ലാനിംഗ് ആന്റ് ഡെവലപ്മെൻ്റ് സിഇഒ എഞ്ചിനീയർ അബ്ദുല്ല ബെൽഹൂൾ വ്യക്തമാക്കി.