ദുബായിലെ ടെസ്റ്റിംഗ് സെൻ്ററുകളിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടൻ നീക്കണമെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി. പരിശോധനാ കേന്ദ്രങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളിലും മുറ്റത്തുമായി കാരണമില്ലാതെ ഏറെ നേരം വാഹനങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകൾക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉടമകൾ വാഹനം ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കണ്ടുകെട്ടുമെന്നാണ് അധികൃതർ അറിയിച്ചത്. എമിറേറ്റിലെ വാർസൻ, ഖുസൈസ്, ഷാമിൽ മുഹൈസ്‌ന, വാസൽ നദ്ദ് അൽ ഹമർ, തമാം, അൽ ആവിർ മോട്ടോർ ഷോ, അൽ ബർഷ, അൽ മുമയാസ്, വാസൽ അൽ ജദാഫ് എന്നീ ഒമ്പത് രജിസ്ട്രേഷൻ, ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുക.
കാരണമില്ലാതെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കണ്ടാൽ വാഹനത്തിൻ്റെ സ്ഥാനവും അവസ്ഥയും അനുസരിച്ച് മൂന്ന് മുതൽ 15 ദിവസം വരെ വ്യത്യാസപ്പെടാവുന്ന കാലയളവിലേക്ക് അധികൃതർ ഉടമയ്ക്ക് ആദ്യം മുന്നറിയിപ്പ് നൽകും. വാഹനം ദുബായിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ ഉടമയ്ക്ക് എസ്എംഎസ് അയയ്ക്കും. നോട്ടീസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിൽ വാഹനം ക്ലിയർ ചെയ്തില്ലെങ്കിൽ അത് അൽ അവീർ ഏരിയയിലെ ഇംപൗണ്ട്മെൻ്റ് യാർഡിലേക്ക് മാറ്റുകയും ചെയ്യും. പിന്നീട് ലേലം ചെയ്യുന്നതിനുമുമ്പ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് മാത്രമേ ഉടമയ്ക്ക് വാഹനം വീണ്ടെടുക്കാൻ സാധിക്കൂ.