ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായ്. ഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കിയത്. വാസിൽ 1 മാസ്റ്റർ ഡവലപ്മെന്റിന്റെ ഭാഗമായുള്ള 1 റെസിഡൻസസ് ലക്ഷ്വറി റെസിഡൻഷ്യൽ ടവറിന്റെ 43-ാം നിലയിൽ ഒരുക്കിയിട്ടുള്ള ‘സ്കൈ ട്രാക്ക്’ എന്ന റണ്ണിങ്ങ് ട്രാക്കാണ് ഈ നേട്ടത്തിന് അർഹമായത്.
സബീലിലാണ് 1 റെസിഡൻസസ് ലക്ഷ്വറി റെസിഡൻഷ്യൽ ടവർ സ്ഥിതി ചെയ്യുന്നത്. 157 മീറ്റർ ഉയരത്തിൽ, 335 മീറ്റർ നീളത്തിലാണ് സ്കൈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതിന് വേണ്ടിയാണ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടെനിന്ന് നോക്കിയാൽ ദുബായിലെ പ്രധാന കാഴ്ചകളായ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് തുടങ്ങിയവ ദൃശ്യമാകുന്ന രീതിയിലാണ് നിർമ്മാണം.