വിവാഹമോചിതർക്കായുള്ള ചില നിയമനടപടികൾ എളുപ്പമാക്കി ദുബായ് കോടതി. വിവാഹമോചിതർക്ക് മക്കളുമായി വിദേശത്തേക്ക് പോകാൻ യാത്രാവിലക്ക് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് എളുപ്പമാക്കിയത്. ഇതിനായി ദുബായ് കോടതിയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവാഹമോചനം നേടിയ ദമ്പതികളിൽ ഒരാൾക്ക് മക്കളുമായി വിദേശത്തേക്ക് പോകുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. മുമ്പ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം അക്കാര്യം സി.ഐ.ഡി വിഭാഗത്തെ അറിയിച്ചതിന് ശേഷമാണ് താൽകാലികമായി യാത്രാവിലക്ക് ഒഴിവാക്കിയിരുന്നത്.
ഇനി മുതൽ ജഡ്‌ജിയുടെ അനുമതി ലഭിച്ചാൽ ഉടൻ മക്കളുമായി വിദേശത്തേയ്ക്ക് പോകാനും സാധിക്കും. ദുബായ് കോടതിയുടെ വെബ്സൈറ്റ് വഴിയാണ് ഇതിന് അപേക്ഷ നൽകേണ്ടതെന്ന് അധികൃതർ അറിയിച്ചു.