ദുബായിലെ പുതിയ ടൂറിസം സീസൺ സജീവമാകാനൊരുങ്ങി. ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കമാകും. പതിവിലും നേരത്തേയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നത്. മുൻ വർഷങ്ങളിൽ ഒക്ടോബർ അവസാനമോ നവംബർ തുടക്കത്തിലോ ആണ് ഗ്ലോബൽ വില്ലേജ് കാണികളെ വരവേറ്റിരുന്നതെങ്കിൽ ഇപ്രാവശ്യം ഒരാഴ്ച നേരത്തേയാണ് ആഗോളഗ്രാമം മിഴിതുറക്കുന്നത്.
ഏപ്രിൽ 28 വരെ ലോകമെമ്പാടുമുള്ള സാംസ്കാരിക കാഴ്ചകളും ആഘോഷങ്ങളും രുചി വൈവിധ്യങ്ങളും ഇവിടെ ഒരുകുടക്കീഴിൽ സംഗമിക്കുകയാണ്. പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്കിൽ ഇത്തവണ വർധനവ് വരുത്തിയിട്ടുണ്ട്. 25 ദിർഹമാണ് പ്രവേശന നിരക്ക്. ഓൺലൈൻ വഴി ടിക്കറ്റെടുത്താൽ 22 ദിർഹം 50 ഫിൽസിന് ടിക്കറ്റ് ലഭിക്കും. പ്രവർത്തിദിവസങ്ങളിൽ വൈകിട്ട് നാല് മണി മുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണി വരെയും ഗ്ലോബൽ വില്ലേജ് സജീവമാകും.
വിവിധ രാജ്യങ്ങളിലെ പ്രമുഖരായ 400 കലാകാരൻമാർ വേദിയിൽ അണിനിരക്കുന്ന 40,000 പരിപാടികളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ വാരാന്ത്യങ്ങളിലും രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. കാർണിവൽ സോണിൽ 170 റൈഡുകളാണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്.