ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജൈറ്റക്സ് ഗ്ളോബലിന്‍റെ 42-ാമത് പതിപ്പിന് തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെള്ളി വരെയാണ് ജെറ്റക്സ് ഗ്ലോബല്‍ നടക്കുക. 50 സ്റ്റാർട്ടപ്പുകളടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള 5,000 വന്‍കിട കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം.
ചൈനീസ് പറക്കും കാറുകൾ, ഡ്രൈവറില്ലാ വാഹനങ്ങൾ, ആധുനിക കാഴ്ചകൾ പ്രദാനം ചെയ്യുന്ന ക്യമറകൾ തുടങ്ങി മെറ്റാവേർസിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലുമുളള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ജെറ്റക്സിനെ കാഴ്ചകളുടെ വിസ്മയ ലോകത്തെത്തിക്കും. 5ജി, ക്ലൗഡ് ടെക്‌നോളജി, സൈബർ സുരക്ഷ, ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഡാറ്റാ അനലിറ്റിക്‌സ്, സ്‌മാർട്ട് സിറ്റികൾ തുടങ്ങി ആധുനിക സംഭവവികാസങ്ങളും പുതുമകളും മേളയിലുണ്ട്.
ആഗോള സാങ്കേതിക കമ്പനികളായ ബിനാൻസ്, എഎംഡി, ടെൻസെന്റ്, ബൈറ്റ്ഡാൻസ് എന്നിവയുൾപ്പെടെ 52 ശതമാനം പുതിയ പ്രദര്‍ശകരുടെ സാനിധ്യവും ജെറ്റക്സിനെ വ്യത്യസ്തമാക്കുന്നു. കാഴ്ചകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി, എയ് എവരിവറിംങ്, ഫ്യൂച്ചർ ബ്ലോക്ക് ചെയിൻ ഉച്ചകോടി, ഡിജിറ്റൽ ഫിനാൻസ് ഉച്ചകോടി, ഫിൻടെക് സർജ്, മാർടെക് ഇവന്റ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സ്മാർട്ട് ഹെൽത്ത് കെയർ സേവന സാങ്കേതികവിദ്യകൾ , 360 ഡിഗ്രി ക്യാമറ, 3D-മാപ്പിംഗ് പദ്ധതി, ഫേഷ്യൽ, ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഡിജിറ്റലൈസേഷന്‍റെ വിവിധ തലങ്ങളും മേളയിലുണ്ട്. യുഎഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകൾ നടപ്പാകുന്ന പദ്ധതികളുടെ പ്രഥമിക അവതരണവും മേളയിലുണ്ടാകും.
1981 മുതൽ തുടങ്ങിയ ജൈറ്റക്സ് ഗ്ലോബൽ ദുബായിയെ ആഗോള സാങ്കേതിക ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിന് സഹായകമായതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തനാക്കി. ദുബായുടെ മുൻഗണനകളിൽ സാങ്കേതിക വിദ്യയെ പ്രത്യേകം പരിഗണിക്കുന്നതിനും ജൈറ്റക്സ് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടുപിടുത്തങ്ങളുടെ അത്ഭുത ലോകം തുറന്ന് മേളയിലത്തുന്നവരെ വിസ്മിയിപ്പിക്കാൻ ഒരുങ്ങുകയാണ് ജെറ്റെക്സ് -2022.