പരിശ്രമങ്ങളും പ്രാർത്ഥനകളും വിഫലമാക്കി ദുബായിൽ കാണാതായ നായക്കുട്ടി മരണപ്പെട്ടതായി നിഗമനം. ദുബായിലെ അൽ ഗർഹൂദിൽ നിന്ന് കാണാതായ മൂന്ന് വയസുള്ള നായക്കുട്ടി കാർതട്ടി മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന തന്റെ പ്രിയപ്പെട്ട നായയുടെ വേർപാട് വിശ്വിക്കാനാകാത്ത അവസ്ഥയിലാണ് ഉടമ.
കാണാതായ നായയെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മരണപ്പെട്ട നായയുടെ ചിത്രമാണ് കുടുംബത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ സ്ഥലം ശനിയാഴ്ച നായയെ കാണാതായ സ്ഥലവുമായി ഒത്തുചേർന്നതോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട നായയാണ് ഇതെന്ന് ഉടമ ഉറപ്പിച്ചത്. എന്നാൽ ഹൃദയഭേദകമായ ഈ വാർത്ത അംഗീകരിക്കാൻ പാടുപെടുകയാണ് കുടുംബം. ശനിയാഴ്ച വൈകുന്നേരത്തോടെയോ ഞായറാഴ്ച രാവിലെയോ ആയി സംഭവിച്ച അപകടത്തിലാകാം നായ മരണപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
ആരോഗ്യ പരിശോധനയ്ക്കായി നായയെ കൊണ്ടുപോയ പെറ്റ് റീലോക്കേഷൻ കമ്പനി അധികൃതരുടെ അനാസ്ഥയാണ് നായയെ കാണാതാകാൻ കാരണമെന്നും കൃത്യമായ പരിചരണവും മേൽനോട്ടവും ഉറപ്പാക്കുന്നതിൽ കമ്പനി വരുത്തിയ വീഴ്ച തങ്ങളുടെ തീരാനഷ്ടത്തിന് കാരണമായെന്നും കുടുംബം ആരോപിച്ചു.
ശനിയാഴ്ച വൈകുന്നേരം എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ തന്റെ നായയെ കാണാതായെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉടമ ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യങ്ങൾ നൽകിയിരുന്നു. തന്റെ പൊന്നോമനയെ കണ്ടെത്തിനൽകുന്നവർക്ക് ഒരു ലക്ഷം ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികമായി നൽകുമെന്നും കുടുംബം പ്രഖ്യാപിച്ചിരുന്നു.