അറബിക്കടലിൽ രൂപംകൊണ്ട ‘ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച ഒമാൻ തീരത്തെത്തുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽ വസ്ത, മസ്കത്ത്, തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലാണ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നില്ല.
ചുഴലിക്കാറ്റിന്റെ ഗതിയും വേഗതയും സംബന്ധിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിവരികയാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ മുന്നറിയിപ്പ് സർക്കുലർ ഇറക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു.
ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നതായാണ് മനസിലാക്കുന്നത്. ഇതിന്റെ കേന്ദ്രം സുൽത്താനേറ്റിന്റെ തീരത്ത് നിന്ന് 1,133 കിലോമീറ്റർ അകലെയാണ്. അതിനാലാണ് ചുഴലിക്കാറ്റ് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി വിലയിരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്റെ പാതയെങ്കിൽ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ ഒമാന്റെ തീരങ്ങളിൽ ചുഴലിക്കാറ്റ് ബാധിക്കുമെന്നും അബ്ദുല്ല അൽ ഖദൂരി പറഞ്ഞു.