സൈബര്‍ സുരക്ഷാ നിയമങ്ങൾ കര്‍ശനമാക്കാനൊരുങ്ങി സൗദി. ദേശിയ സമ്പത് വ്യവസ്ഥയെ സംരക്ഷിക്കാനാണ് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങൾക്കെതിരേ പഴുതടച്ച സുരക്ഷ ഒരുക്കാനാണ് നീക്കം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പുതുക്കും. ഇന്‍റര്‍നെറ്റിന്‍റേയും വിവരസാങ്കേതിക വിദ്യയുടേയും നിയമാനുസൃത ഉപയോഗത്തിന് അവകാശങ്ങൾ നല്‍കും. നിയമലംഘകര്‍ക്ക് തടവുശിക്ഷയും പിഴയും ലഭ്യമാക്കും. ഒരു വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാലിന്‍റെ പിഴയും സൈബര്‍ കുറ്റകൃത്യങ്ങൾക്ക് നിലവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മൊബൈല്‍ ക്യാമറകളുടെ ദുരുപയോഗം ഒഴിവാക്കും. സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയാല്‍ ശിക്ഷയുടെ പരിധി വര്‍ദ്ധിക്കും. അപകീര്‍ത്തിപ്പെടുത്തല്‍ അപായപ്പെടുത്തല്‍, മറ്റുതരത്തില്‍ ഉപദ്രവിക്കല്‍ തുടങ്ങിയ കേസുകളില്‍ മൂന്ന് വര്‍ഷം വരെ തടലും രണ്ട് മില്യണ്‍ റിയാല്‍ വരെ പിഴയും ലഭിക്കാം. ബാങ്ക് ഡേറ്റായൊ ഇതര സുരക്ഷിത വിവരങ്ങളൊ ചോര്‍ത്തിയാല്‍ തടവിന്‍റേയും പിഴയുടേയും പരിധി ഉയരും.
സ്വകാര്യത, പൊതുമൂല്യങ്ങൾ, മതമൂല്യങ്ങൾ, എന്നിവ സംരക്ഷിക്കപ്പെടും. മയക്കുമരുന്ന്, അശ്ലീല ശ്യംഖലകൾ, അധാര്‍മിക പ്രവര്‍ത്തനങ്ങൾ, തീവ്രവാദം, രാജ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കര്‍ശന ഇടപെടലുകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.