കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനമായ (ഐ ഡിക്ലയർ) ഏർപ്പെടുത്തി ദുബായ് വിമാനത്താവളം. ഇതോടെ കസ്റ്റംസ് നടപടിക്രമങ്ങൾ വെറും നാല് മിനിറ്റിനകം പൂർത്തിയാക്കാനും സാധിക്കും. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ.
ഐ ഡിക്ലയർ ഉപയോഗിക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും. ഏകദേശം 45 മിനിറ്റോളം വരുന്ന പ്രക്രിയയാണ് വെറും നാല് മിനിറ്റിലേയ്ക്ക് ചുരുങ്ങുന്നത്. ഇതുവഴി കള്ളക്കടത്തും തടയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇനി യാത്രക്കാർക്ക് വേണ്ടി ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതില്ല. സ്മാർട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും. ഇതോടെ തടസമില്ലാതെ നടപടികൾ വേഗം പൂർത്തിയാക്കാനും കഴിയും. യാത്രക്കാർക്കായി സ്മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കുന്ന മേഖലയിലെ ആദ്യത്തെ കസ്റ്റംസ് ആയി ദുബായ് കസ്റ്റംസ് മാറി.