ഡോളര്‍ശക്തി പ്രാപിക്കുന്നതിനിടെ ആഗോള ക്രിപ്റ്റോ വിപണി കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ടുകൾ. ബിറ്റ് കോയിനും എഥേറിയവും ലൂണയുമുൾപ്പടെ ഡിജിറ്റല്‍ കറന്‍സികൾ തകര്‍ന്നടിഞ്ഞതോടെ നിരവധി നിക്ഷേകര്‍ക്ക് പണം നഷ്ടമായി. തിങ്കളാഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്‍റെ വിപണി മൂല്യം ബുധനാഴ്ച 1.28 ട്രില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിറ്റ് കോയിന്‍ വിലയില്‍ 4.7 ശതമാനത്തിന്‍റെ ഇടവാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ എഥേറിയത്തിന് 13.57 ശതമാനം ഇടിവ് സംഭവിച്ചു.
ക്രിപ്റ്റോ രംഗത്തെ നിക്ഷേപകര്‍ക്കുണ്ടായ ഭയമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് വിലയിരുത്തല്‍. ഡിജിറ്റല്‍ കറന്‍സികളില്‍ ഏറ്റവും കൂടുതല്‍ ആളുകൾ നിക്ഷേപം നടത്തിയിട്ടുളളത് ബിറ്റ്കോയിനിലാണ്.അതേസമയം ഏതെങ്കിലും രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളൊ സര്‍ക്കാരുകളൊ ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കുന്നില്ല. എന്നാല്‍ ഊഹകച്ചവടത്തിലൂടെ നേട്ടം കൊയ്യാന്‍ നിരവധിയാളുകൾ ഡിജിറ്റല്‍ കറന്‍സി ഇടപാടുകൾ നടത്തുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും നിരവധിയാളുകൾ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ ആകൃഷ്ടരാണ്.
ഔദ്യോഗിക അംഗീകാരമില്ലത്ത ഡിജിറ്റല്‍ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കാനിടയുണ്ടെന്നും തദ്ദേശ ബാങ്കുകളും കമ്പനികളും പ്രത്യക്ഷമായൊ പരോക്ഷമായൊ ഡിജിറ്റല്‍ കറന്‍സി ഇടപാടുകൾ നടത്തരുതെന്നും മിക്ക രാജ്യങ്ങളിലേയും അംഗീകൃത സ്ഥാപനങ്ങൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടുകൾക്കെതിരേ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ ചൂണ്ടിക്കാട്ടി. നിരവധി നിക്ഷേപകര്‍ക്ക് പണം നഷ്ടമായെന്ന പരാതിയെ തുടര്‍ന്നാണ് വിശദീകരണം.