സൌദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി വെള്ളിയാഴ്ച എലിസി കൊട്ടാരത്തിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. എക്‌സ്‌പോ 2030 ബിഡ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സൽമാൻ രാജകുമാരൻ ബുധനാഴ്ചയാണ് ഫ്രാൻസിലേക്ക് യാത്രതിരിച്ചത്. ആഗോള സാമ്പത്തിക ഉച്ചകോടിയിലും സൌദി കിരീടാവകാശി പങ്കെടുക്കും.
പാരീസിൽ നടക്കുന്ന ചർച്ചകൾക്കായി ഇമ്മാനുവൽ മാക്രോൺ കിരീടാവകാശിയെ സ്വീകരിക്കും. മിഡിൽ ഈസ്റ്റിലെ കാര്യങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും മാക്രോണും കിരീടാവകാശിയും ചർച്ച ചെയ്യുമെന്ന് ഫ്രാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിലും ചർച്ചകൾ ഊന്നൽ നൽകും. റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ സന്നദ്ധത പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.
ജൂൺ 22-23 തീയതികളിൽ പാരീസിൽ നടക്കാനിരിക്കുന്ന “ഫോർ എ ന്യൂ ഗ്ലോബൽ ഫിനാൻഷ്യൽ ഉടമ്പടി” എന്ന പേരിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൌദി പ്രതിനിധി സംഘവും കിരീടാവകാശിയോടൊപ്പമുണ്ട്. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനും പുതിയ ആഗോള സാമ്പത്തിക ഉടമ്പടി രൂപീകരിക്കാനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
2022 ജൂലൈയിലെ മുൻ സന്ദർശനത്തിന് ശേഷം കിരീടാവകാശിയുടെ ഫ്രാൻസിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. നവംബറിൽ തായ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ മുഹമ്മദ് രാജകുമാരനും മാക്രോണും കൂടിക്കാഴ്ച നടത്തിയിരുന്നു.