ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരുന്നു. സുൽത്താൻ ഹൈതം ബിൻ താരികാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സാമൂഹിക സംരക്ഷണം സംബന്ധിച്ച ഉത്തരവിലാണ് സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ആരോഗ്യ പരിരക്ഷ നിർബന്ധമാക്കുന്നതിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇതോടെ സ്വകാര്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാകും. തൊഴിൽ സമയത്തെ അപകടങ്ങൾ മൂലമുണ്ടാകുന്ന പരുക്കുകൾ, മറ്റ് രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കും. പരുക്കുകളും രോഗാവസ്ഥയും അടിസ്ഥാനമാക്കിയാകും ഇൻഷുറൻസ് കണക്കാക്കുക. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 17,84,736 പ്രവാസികളാണ് നിലവിൽ ഒമാനിലുള്ളത്. ഇതിൽ 44,236 പേർ സർക്കാർ സ്ഥാപനങ്ങളിലും 14,06,925 പേർ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരാണ്.