ദുബായില്‍ യാത്രക്കാർക്ക് ബസ് സര്‍വീസ് വിവരങ്ങള്‍ ഇനി തത്സമയം അറിയാൻ സാധിക്കും. ബസ് സർവീസുകളെക്കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ).
വിവിധ മൊബൈൽ ആപ്പുകൾ വഴി ദുബായിൽ സർവീസ് നടത്തുന്ന പൊതുബസുകളുടെ വിവരം തത്സമയം യാത്രക്കാരിലെത്തിക്കാനാണ് പദ്ധതി. ഒരോ സ്റ്റോപ്പിലും ബസ് എത്തിച്ചേരാൻ സാധ്യതയുള്ള സമയം, ലക്ഷ്യസ്ഥാനത്തേക്ക് വേണ്ടിവരുന്ന സമയം, ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നീ വിവരങ്ങൾ തത്സമയം യാത്രക്കാർക്ക് ഇതുവഴി ലഭ്യമാകും.
ഇതിനായി അമേരിക്കയിലെ ട്രാൻസിറ്റ് ഡേറ്റ സേവന ദാതാക്കളായ സ്വിഫ്റ്റിലി എന്ന കമ്പനിയുമായി ആർ.ടി.എ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. എപ്പോൾ മുതലാണ് സേവനം ജനങ്ങൾക്ക് ലഭ്യമാകുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.