ബഹ്റൈനിൽ 20 പുതിയ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് വൈദ്യുതി, ജലകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് അഞ്ച് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളാണ് ഉള്ളത്. സാറിലെ ആട്രിയം മാളിൽ ഒന്നും നാലെണ്ണം ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലുമാണുള്ളത്(ബി.ഐ.സി). അതേസമയം നിലവിൽ 112 ഇലക്ട്രിക് വാഹനങ്ങളാണ് ബഹ്റൈനിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2060ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമുണ്ട്. ഇതിന് മുന്നോടിയായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.
അതേസമയം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അംഗീകരിച്ച ഇലക്ട്രിക്കൽ കോൺട്രാക്ടർമാരോ മുഖേന ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. കൂടാതെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് സാധാരണ വൈദ്യുതിക്കായി നിശ്ചയിച്ചിരിക്കുന്ന അതേ നിരക്കാണെന്നും മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് പെട്രോളിയം ഇന്ധനം ഉപയോഗിക്കുന്നതിനേക്കാൾ കുറവായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.