എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി മാറ്റാൻ സൗകര്യമൊരുക്കി ഫെഡറൽ, സിറ്റിസൻഷിപ്പ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയവയിലൂടെയാണ് മാറ്റം വരുത്താൻ സാധിക്കുക. വ്യക്തിവിവരങ്ങളിലെ തെറ്റുകൾ തിരുത്തുക, പുതിയ വിവരങ്ങൾ ചേർക്കുക, പാസ്പോർട്ട് വിവരങ്ങളിലെ മാറ്റങ്ങൾ, പുതിയ പൗരത്വം ലഭിച്ചാൽ അക്കാര്യം ചേർക്കുക എന്നിവയ്ക്കാണ് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക.
നേരിട്ടും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ മുഖേനയും അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് ഓഫീസുകൾ മുഖേനയും സേവനം പ്രയോജനപ്പെടുത്താം. കളർഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, സ്പോൺസറുടെ ഒപ്പോടുകൂടിയ അപേക്ഷ, എമിറേറ്റ്സ് ഐ.ഡി കാർഡിന്റെ ഇരുവശങ്ങളുടെയും പകർപ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ.
200 ദിർഹമാണ് അപേക്ഷാഫീസ്.
ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഒരേ കാരണത്താൽ അപേക്ഷ മൂന്നു തവണ നിരസിച്ചിട്ടുണ്ടെങ്കിലും അപേക്ഷ വീണ്ടും തള്ളപ്പെടും. അപേക്ഷ നിരസിക്കപ്പെട്ടാൽ ഇഷ്യൂഫീസ് മാത്രമേ തിരികെ ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് മുഖേനയോ അല്ലെങ്കിൽ അഞ്ചുവർഷ കാലാവധിക്കുള്ളിലായി രാജ്യത്തെ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ ചെക്ക് മുഖേനയോ ആയിരിക്കും ഇഷ്യൂ ഫീസ് റീഫണ്ട് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.