അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും.
പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ അത്യാഹിക വിഭാഗത്തിലെ നമ്പറുകളിലേക്ക് ഡയല്‍ ചെയ്യേണ്ട സമയംപോലും പുതിയ സംവിധാനത്തിന് വേണ്ട. ആപ് സംവിധാനത്തിലൂടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ആപ് സേവനം ഉപയോഗപ്പെടുത്തുന്ന രീതി അബുദാബി പൊലീസിന്‍റെ സാമൂഹിക മാധ്യമ പേജുകളില്‍ ലഭ്യമാണ്.
പരാതി വ്യാജമല്ലെന്ന് ഉറപ്പിക്കാനുളള സുരക്ഷാപരിശോധനയും ആപ്പിന്‍റെ ഭാഗമായുണ്ട്. ഉപഗ്രഹസഹായത്തോടെ സ്ഥലം കൃത്യമായി മനസ്സിലാക്കി രക്ഷാസംഘം പാഞ്ഞെത്തും. നിലവില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും അടിയന്തര സ്വഭാവമുള്ളതല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.