ദുബായിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 38 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായിൽ കഴിഞ്ഞ വർഷം മാത്രം 15,000ലധികം ഇന്ത്യൻ കമ്പനികളാണ് പ്രവർത്തനം ആരംഭിച്ചത്.
ദുബായിൽ യുഎഇ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് ഇന്ത്യക്കാരാണ് എന്നതാണ് വാസ്തവം. കഴിഞ്ഞവർഷം ദുബായ് ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം 15,481 ആണ്. പാക്കിസ്ഥാനി നിക്ഷേപകരാണ് ഇന്ത്യക്ക് പിന്നിലുള്ളത്. 8,036 പാക് കമ്പനികളാണ് 2023ൽ ദുബായിൽ ആരംഭിച്ചത്.
4,837 പുതിയ ഈജിപ്ഷ്യൻ സ്ഥാപനങ്ങളും ദുബായിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറിയ, യുകെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളതെന്നും ദുബായ് ചേംബർ ഓഫ് കോമേഴ്സ് അറിയിച്ചു.