കാലാവസ്ഥാ വ്യതിയാനത്തോടുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രതികരണത്തെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 43-ാമത് സുപ്രീം കൗൺസിൽ അഭിനന്ദിച്ചു. ഈ മേഖലയിലെ അന്താരാഷ്ട്ര ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-ൽ യുഎഇ COP28 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള പിന്തുണ കൗൺസിൽ ആവർത്തിച്ചു, രാജ്യത്തിന്റെ നെറ്റ് സീറോ 2050 തന്ത്രപരമായ സംരംഭത്തെയും അഭിനന്ദിച്ചു.
എല്ലാ മേഖലകളിലും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് അധ്യക്ഷനായി ചുമതലയേറ്റ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജിസിസി കൗൺസിലിന്റെ ശക്തിയിലും യോജിപ്പിലും അംഗങ്ങൾക്കിടയിലെ അണികളുടെ ഐക്യത്തിലും എല്ലാ മേഖലകളിലും കൂടുതൽ ഏകോപനവും സംയോജനവും പരസ്പരാശ്രിതത്വവും കൈവരിക്കുന്നതിലും സുപ്രിം കൗൺസിന്‍റെ താൽപ്പര്യം സ്ഥിരീകരിച്ചു.
സംയുക്ത ജിസിസി നടപടികളും സാമ്പത്തിക വികസന കാര്യ അതോറിറ്റിയുടെ പ്രവർത്തന പരിപാടികളും സുപ്രീം കൗണ്‍സില്‍ അവലോകനം ചെയ്തു.കൗൺസിലിന്റെ മുൻ തീരുമാനങ്ങൾക്ക് അനുസൃതമായി സംയുക്ത വിപണിയും റെയിൽവേ പദ്ധതി സംബന്ധിച്ചും വിലയിരുത്തലുണ്ടായി. ഏകീകൃത വ്യാവസായിക നിയന്ത്രണ നിയമം, ജിസിസി രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്‌ട്ര ഭൂഗതാഗതത്തിനുള്ള ഏകീകൃത നിയമം, ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യ-കാർഷിക സസ്യ ജനിതക വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏകീകൃത നിയമം എന്നിവയ്ക്കും സുപ്രീം കൗൺസിൽ അംഗീകാരം നൽകി.