മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) നിരക്കിൽ വൻ വളർച്ച പ്രാപിച്ച് ദുബായ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായിയുടെ ജിഡിപി നിരക്ക് 2.8 ശതമാനമായാണ് ഉയർന്നത്. 11,130 കോടി ദിർഹമാണ് ഇതുവരെയുള്ള എമിറേറ്റിന്റെ സാമ്പത്തിക വളർച്ച. ജിഡിപി വളർച്ച ഇപ്പോൾ ശരാശരി രാജ്യാന്തര നിരക്കിനെ മറികടന്നിരിക്കുകയാണ്.
ദുബായിൽ നിലനിൽക്കുന്ന മികച്ച നിക്ഷേപാന്തരീക്ഷവും അടിസ്ഥാന സൗകര്യവുമാണ് ജിഡിപി വളർച്ചയ്ക്ക് സ്ഥിരത നൽകുന്നതെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അടുത്ത 10 വർഷത്തിനകം ദുബായിയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദുബായ് ഇക്കണോമിക് അജണ്ടയായ ഡി33ന് അനുകൂലമായ വളർച്ചയാണ് ജിഡിപിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റുക എന്നതാണ് ഡി33ന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.