പുതുവത്സര ആഘോഷത്തിനായി ദുബായിലേക്ക് എത്തിയത് റെക്കോർഡ് യാത്രക്കാരെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) റിപ്പോർട്ട് ചെയ്തു.
2023 ഡിസംബർ 27 മുതൽ 2024 ജനുവരി 1 വരെ 1.2 ദശലക്ഷത്തിലധികം യാത്രക്കാരാണ് കരമാർഗ്ഗവും, വിമാനമാർഗ്ഗവും, കപ്പൽ മാർഗ്ഗവും ദുബായിലേക്ക് എത്തിയത്. 2023 ഡിസംബർ 30, ഒറ്റ ദിവസം കൊണ്ട് 2,24,380 യാത്രക്കാരാണ് എത്തിയത്. ഒരു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
1.14 ദശലക്ഷം യാത്രക്കാരാണ്, വിമാനമാർഗ്ഗം ദുബായിലേക്ക് എത്തിയത്. കര തുറമുഖങ്ങൾ എന്നിവ വഴി 76,376 യാത്രക്കാരും എത്തി. നഗരത്തിന്റെ ആകർഷണീയതയെയും ലോകമെമ്പാടുമുള്ള വ്യക്തികളുടെ മികച്ച തിരഞ്ഞെടുപ്പെന്ന നിലയിലും ദുബായ് മികച്ച സ്ഥാനം നേടിയതായി ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.