മലയാളി യുവാവിനെ സൗദി റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. ദിവസങ്ങളായി യുവാവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
റിയാദിലെ അൽ ഖലീജ് മേഖലയിലെ വർക് ഷോപ്പിൽ ജീവനക്കാരനായിരുന്നു മരിച്ച അനീഷ്. ദിവസങ്ങളായി ഇയാൾ ജോലിക്ക് എത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. മാർച്ച് അഞ്ചിന് ശേഷം അനീഷ് നാട്ടിലുളളവുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടിരുന്നില്ല.
വർക് ഷോപ്പിലെ സഹപ്രവർത്തകൻ താമസ സ്ഥലത്തെത്തിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. എന്നാണ് മരിച്ചതെന്നൊ മരണ കാരണമൊ വ്യക്തമല്ല. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
വിവാഹിതനായ അനീഷിന് രണ്ട് മക്കളാണുളളത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സംഘടനകളും സാമൂഹപ്രവർത്തകരും ശ്രമം നടത്തുകയാണ്.