ദുബായിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകൾ കൂടുതൽ സ്മാർട്ടാക്കുന്നു. പുതുതായി പത്ത് മേഖലകളിൽകൂടി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 2024ഓടെ മൊത്തം സ്മാർട്ട് സിഗ്നലുകളുടെ എണ്ണം 28 ആക്കി ഉയർത്താനും തീരുമാനിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഒന്നാം ഘട്ടമായി സ്മാർട് സംവിധാനങ്ങൾ ഏർപ്പെടുത്തിയ കാൽനടപ്പാതകളിൽ അപകടങ്ങൾ കുറഞ്ഞതായാണ് വിലയിരുത്തൽ. സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റ് സിഗ്നൽ സംവിധാനമാണ് സീബ്രാ ലൈനുകളുടെ ഭാഗമായി ഉപയോഗിക്കുന്നത്. ഇതിലൂടെ കാൽനടയാത്രികൻ ക്രോസിങ്ങിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ലൈറ്റ് തെളിയുന്നതാണ് രീതി. യാത്രക്കാരൻ കടന്നുപോകുന്നതു വരെ വാഹനങ്ങൾ കടന്നുവരാതെ ചുവന്ന ലൈറ്റ് തെളിഞ്ഞിരിക്കും.
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് സിഗ്നൽ പ്രവർത്തനത്തിൻ്റെ കാര്യക്ഷമതയും ആർടിഎ ഉറപ്പാക്കും. റോഡ് മുറിച്ചുകടക്കാൻ കൂടുതൽ സമയം ആവശ്യമുള്ള പ്രായമായവർ, നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർ, ലഗേജുകളോ പുഷ്ചെയറുകളോ ഉള്ള വ്യക്തികൾ എന്നിവരേയും കണക്കിലെടുത്താണ് സിഗ്നൽ സംവിധാനം പ്രവർത്തിക്കുക.
അതോടൊപ്പം റോഡ് മുറിച്ചുകടക്കാൻ ആരും ഇല്ലാത്ത സമയങ്ങളിൽ പെഡസ്ട്രിയൻ മോഡ് ഒഴിവാക്കി വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യവും ഒരുക്കും. വിവിധ വകുപ്പുകളുമായി സഹകരിച്ച് രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ പാതകളും സ്മാർട്ട്സംവിധാനങ്ങളും സ്ഥാപിക്കുകയെന്നു തിരക്കേറിയ സ്ഥലങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും ആർടിഎ അറിയിച്ചു.