ജീവിതത്തിൽ വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉളള ആളുകൾക്ക് വലിയ വേദിയിൽ ഒന്നിച്ചിരുന്ന് തങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയവരുടെ കഥകൾ കേൾക്കാൻ അവസരമൊരുക്കി യുഎഇ സായിദ് ദി ഇൻസ്പൈറർ പ്ലാറ്റ്ഫോം. അന്താരാഷ്ട്ര ബിസിനസ്സ് നേതാക്കളും അറിയപ്പെടുന്ന പ്രചോദനാത്മക വ്യക്തികളും ഹ്രസ്വവും ശക്തവുമായ ചർച്ചകളിലൂടെ അവരുടെ കഥകൾ ലോകത്തിന് പകർന്ന് നൽകും.
മാർച്ച് 13ന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് ‘സായിദ് ടോക്ക്’ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9:00 മുതൽ വൈകീട്ട് 3 വരെയാണ് പരിപാടി.യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലാണ് ‘സായിദ് ടോക്ക്’ എന്ന പരിപാടി ആരംഭിക്കുക.
സായിദ് ടോക്കിന്റെ ഉദ്ഘാടന ഇൻസ്റ്റാളേഷനിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ലോകത്തിലെ ആദ്യത്തെ കൈയില്ലാത്ത പൈലറ്റുമായ ജെസീക്ക കോക്സ്, ഒരു സംരംഭകനും ബിസിനസ് ആർക്കിടെക്റ്റുമായ മൈക്ക് സെല്ലർ,ജീവശാസ്ത്രത്തിന്റെയും മാനവ വികസനത്തിന്റെയും മേഖലകളിൽ അറബ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ ഡോ. ഖാലിദ് ഘട്ടാസ്, എമിറാത്തി ടെലിവിഷൻ ഡയറക്ടർ നഹ്ല അൽ മുഹൈരി, യുഎഇ ഗുഡ്വിൽ അംബാസഡർ തുടങ്ങി നിരവധിപ്പേർ പങ്കെടുക്കും.
അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ്റെ ശതാബ്ദി സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുളള ഒരു പ്ലാറ്റ്ഫോമാണ് സായിദ് ദി ഇൻസ്പൈറർ. ലോകമെമ്പാടുമുള്ള വിജയങ്ങളേയും സർഗ്ഗാത്മകതയെയും പ്രചോദനാത്മകാക്കുന്ന പ്ലാറ്റ്ഫോമാണിത്. 2018ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.
മറ്റുള്ളവരുടെ വിജയകരമായ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും നമ്മുടെ സ്വന്തം വിജയങ്ങൾ ലോകവുമായി പങ്കിടാനും കഴിയുന്ന ഒരു വിജ്ഞാനകോശമെന്ന നിലയിൽ “സായിദ് ദി ഇൻസ്പൈറർ” മാറുമെന്ന് ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു.