സൗദിയിലെ തിരക്കേറിയ റോഡില്‍ കോമാളി വേഷം ധരിച്ചെത്തിയ യുവാവ് വാഹന ഗതാഗതം തടസപ്പെടുത്തി.അല്‍ അഹ്‍സ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനഗതാഗതം തടസ്സപ്പെടുത്തിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൺ യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചതും നാടകീയത സൃഷ്ടിച്ചു.പിടിയിലായ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി. സാമൂഹിക കുറ്റകൃത്യമായാണ് യുവാവിൻ്റെ നടപടിയെ പൊലീസ് കാണുന്നത്.
യുവാവ് കോമാളി വേഷത്തിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങളും ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകി.സൗദിയിൽ നടക്കുന്ന അക്രമ ദൃശ്യങ്ങളും നിയമലംഘനങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയൊ പ്രചരിപ്പിക്കുകയൊ ചെയ്താൽ ഒരു വർഷം തടവ് ശിക്ഷയോ 500,000 രൂപ പിഴയോ ശിക്ഷ വിധിക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രചരിക്കപ്പെടുന്ന വീഡിയോകൾ റീഎഡിറ്റ് ചെയ്യപ്പെടാനുളള സാധ്യതകളും കൂടുതലാണ്. റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള സംഭാഷണങ്ങളും മറ്റും നീക്കം ചെയ്യുന്നത് തെളിവുനശിപ്പക്കലായി പരിഗണിക്കപ്പെടാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.