റമദാനിൽ ലോകത്തിൻ്റെ പട്ടിണി മാറ്റാനുള്ള യുഎഇയുടെ വൺ ബില്യൻ മീൽസ് പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒരു കോടി ദിർഹം (22 കോടി രൂപ) അനുവദിച്ചു. വർഷത്തിൽ 20 ലക്ഷം ദിർഹം വീതം 5 വർഷം കൊണ്ടാണ് മുഴുവൻ തുക കൈമാറുക.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ആദ്യ ഘട്ടത്തിൽ 20 ലക്ഷം ദിർഹം കൈമാറി. കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് യുഎഇ എന്നും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്നും എം.എ. യൂസഫലി പ്രതികരിച്ചു.
അശരണർക്ക് ഭക്ഷണം നൽകാനും നിർധനരെ സഹായിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. റമസാൻ ഒന്നിന് ആരംഭിച്ച പദ്ധതിയിലേക്ക് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കുമെല്ലാം സംഭാവന നൽകാൻ അവസരമുണ്ട്.