തന്റെ ആരാധകരോടായി സൂപ്പര്‍താരം വിരാട് കോഹ്‌ലി പറയുകയാണ് ഇനിമുതൽ ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു കോഹ്‌ലിയുടെ ഈ പ്രതികരണം. അവതാരകന്റെ ചോദ്യത്തിനാണ് കോഹ്‌ലി ഇങ്ങനെ മറുപടി പറഞ്ഞത്.
‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്നായിരുന്നു അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യം. ‘ നിങ്ങള്‍ എന്നെ കിങ്ങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ ഫാഫിനോട് (ഫാഫ് ഡുപ്ലൈസി) പറയുകയായിരുന്നു’ എന്നായിരുന്നു കോഹ്‌ലി ആരാധകരോട് പറഞ്ഞത്.
രാജ്യത്തിനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും വേണ്ടി ഇപ്പോഴും തകര്‍പ്പന്‍ പ്രകടനം തുടരുന്ന കോഹ്‌ലിയെ ആരാധകര്‍ ‘കിങ്ങ്’ എന്നല്ലാതെ ഇനി എന്ത് വിളിക്കും എന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. ഓസ്ട്രേലിയന്‍ നിവാസിയായ കുനാല്‍ ഗാന്ധി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ കോഹ്ലിയെ വിശേഷിപ്പിക്കാന്‍ ‘കിങ്ങ്’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് താനാണെന്ന് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.