യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം തുറന്നു. ന്യൂജഴ്സി റോബിൻസ്വില്ലിൽ ആണ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രമാണിത്. മാത്രമല്ല, ലോകത്ത് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്ഷേത്രവും ഇതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 185 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം 12 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12,500 വൊളന്റിയർമാർ ക്ഷേത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായി.
19 ലക്ഷം ഘനഅടി കല്ലുകളാണ് ക്ഷേത്രത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. അതേസമയം പ്രാചീന ഇന്ത്യൻ ശിൽപകലയുടെ മഹിമ വിളിച്ചോതുന്ന ക്ഷേത്ര സമുച്ചയത്തിൽ 10,000 ശിൽപങ്ങളും വിവിധ തരത്തിലുള്ള കൊത്തുപണികളുമുണ്ട്. മാത്രമല്ല, ഇന്ത്യയിലെ വിശുദ്ധ നദികളിൽ നിന്നുള്ള ജലവും ഇവിടെ സംഭരിച്ച് വച്ചിട്ടുമുണ്ട്. കഴിഞ്ഞ മാസം 30ന് ആരംഭിച്ച ഉത്സവത്തിന്റെ സമാപന ദിവസത്തിലാണ് മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ചത്.