സാമ്പത്തിക മാന്ദ്യത്തിലും കാലാവസ്ഥ വ്യതിയാനത്തിനും എതിരേ പ്രായോഗിക സഹകരണത്തിന് ആഹ്വാനം ചെയ്‌തുകൊണ്ട് ദാവോസില്‍ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തിന് സമാപനം. വിഭാഗീയതകൾ മറന്ന് സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാവി വെല്ലുവിളികളെ നേരിടാമെന്ന് പ്രസിഡന്റ് ബോർഗെ ബ്രെൻഡെ സമാപന പ്രസംഗത്തിൽ പറഞ്ഞു. വിഭജനം ലോക സമ്പത്തിക വ്യവസ്ഥയ്‌ക്ക് ഏഴ് ശതമാനത്തിന്റെ നഷ്‌ടമുണ്ടാക്കുമെന്നും സഹകരണമാണ് വേണ്ടതെന്നും ഐഎംഎഫ് മാനേജിങ് ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവയും പറഞ്ഞു.
ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലമരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സാമ്പത്തിക ഫോറം വാർഷികസമ്മേളനം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്നത്. കാലാവസ്ഥാ വെല്ലുവിളികൾ, റഷ്യ–- യുക്രൈന്‍ യുദ്ധം, സാമ്പത്തിക–- ഊർജ–- ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികൾ, ലോകത്താകെ വർധിച്ചുവരുന്ന അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയായത്.
വർധിച്ചുവരുന്ന അസമത്വം, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഊർജ പ്രതിസന്ധി എന്നിവ ജനജീവിതത്തെ താളംതെറ്റിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയേ ഗുട്ടെറസ് സമ്മേളനത്തില്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ നിർമിത യുദ്ധങ്ങളും ദുരിതങ്ങളാണ് സമ്മാനിക്കുന്നത്. ഭൂമിയുടെ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധത പ്രഖ്യാപനത്തിൽ ഒതുങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ വർഷാവസാനം കോപ് 28 പരിസ്ഥിതി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന യുഎയിക്ക് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർഗെ ബ്രെൻഡെ പിന്തുണ പ്രഖ്യാപിച്ചു. 52 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ ഉൾപ്പടെ 2700 ഭരണ നേതാക്കളും വിവിധ മേഖലയിലെ വിദഗ്ദ്ധരും ഉച്ചകോടിയിൽ സംബന്ധിച്ചു.