ഖത്തർ ലോകകപ്പിൽ ഇന്ന് കരുത്തരായ ടീമുകൾ കളത്തിലേക്ക്. മുൻ കിരീടജേതാക്കളായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുക.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയ്ക്കതിരെ ഇറങ്ങും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെ നേരിടും. രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം നാളെ പുലർച്ചെ 12.30നാണ്.
ലോകകപ്പിലെ ആദ്യ മത്സരം ക്രൊയേഷ്യക്ക് ചെറിയ കളിയല്ല. നിലവിൽ റണ്ണേഴ്സ് അപ്പ് ആണ് ക്രൊയേഷ്യ. റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച് ആണ് ക്രൊയേഷ്യയുടെ തലവൻ. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു മോഡ്രിച്ച്. മതെയോ കൊവാസിച്, മാഴ്സലോ ബ്രൊസോവിച്, ആന്ദ്രേ ക്രെമരിച് തുടങ്ങി ഒരുപിടി വേറെയും മികച്ച താരങ്ങൾ ക്രൊയേഷ്യയിലുണ്ട്. മധ്യനിര തന്നെയാണ് ഈ ടീമിൻ്റെ ബലവും.
മനോഹരമായി ഫുട്ബോൾ മൊറോക്കോ ടീമിൽ ഹക്കിം സിയെച്, അച്റഫ് ഹക്കിമി എന്നിവരുണ്ട്. യൂസുഫ് എൽ നെസിരിയും മൊറോക്കയ്ക്ക് മുതൽക്കൂട്ടാകും.
നാല് തവണയാണ് ജർമനി ലോക ചാമ്പ്യന്മാരായിട്ടുള്ളത്. ഏത് പൊസിഷൻ നോക്കിയാലും മികച്ച താരങ്ങളാണ്. പരിശീലകനും ഗംഭീരകക്ഷിയാണ്. ചാമ്പ്യൻ പട്ടവുമായി റഷ്യയിലെത്തി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റുപുറത്തായെന്ന മാനക്കേട് മാറ്റുകയെന്നതും ലക്ഷ്യമാണ്. എന്നാൽ, ഈ വർഷം കളിച്ച 9 മത്സരങ്ങളിൽ വെറും രണ്ടെണ്ണമേ ജയിക്കാനായിട്ടുള്ളൂ എന്നത് തലവേദനയാണ്. തോമസ് മുള്ളർ ടീമിൻ്റെ പ്രധാന താരമാവുമ്പോൾ യുവതാരങ്ങളായ യൂസുഫ് മൊകോകോ, ജമാൽ മുസ്യാല എന്നിവരും ശ്രദ്ധാകേന്ദ്രങ്ങളാണ്. 2014 ലോകകപ്പ് ഫൈനലിൽ അർജൻ്റീനയെ തകർത്തുകൊണ്ട് ഗോൾ നേടി ജർമനിയെ ജേതാക്കളാക്കിയ മരിയോ ഗോട്സെ അഞ്ച് വർഷങ്ങൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയിട്ടുമുണ്ട്.
ജപ്പാനെ ചെറുതാക്കി കാണരുത് . ലോകകപ്പിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ ടീമാണ് ജപ്പാൻ. ദൈചി കമാഡ, തകുമി മിനമിനോ, റിറ്റ്സു ഡോആൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾ ജപ്പാനുണ്ട്. ഇവരിൽ പലരും ജർമൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളുമാണ്.
യുവ താരങ്ങളുള്ള സ്പെയിൻ ടീം സമീപകാലത്ത് 2020 യൂറോ, കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ശ്രദ്ധേയ പ്രകടനം നടത്തി. പെഡ്രി, ഗാവി, സെർജിയോ ബുസ്കറ്റ്സ്, അൻസു ഫാത്തി എന്നിങ്ങനെ യുവാക്കളും വെറ്ററൻസും അടങ്ങുന്ന മികച്ച ടീമാണ് സ്പെയിനിൽ ഉള്ളത്.
ഖത്തർ ലോകകപ്പിലേക്ക് അവസാനം യോഗ്യത നേടിയ ടീമാണ് കോസ്റ്റ റിക്ക. കെയ്ലർ നവാസ് ആണ് കോസ്റ്റ റിക്കയുടെ പ്രധാനമുഖം. കാർലോസ് മാർട്ടിനസ്, സെൽസോ ബോർഗസ്, ജോഎൽ കാംപ്ബെൽ തുടങ്ങി മറ്റ് താരങ്ങളും കോസ്റ്റ റിക്കക്കായി കളിക്കും.
കെവിൻ ഡി ബ്രുയിനെ, ഏയ്ഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, തിബോ കോർട്ട്വ തുടങ്ങി താരനിര അണിനിരക്കുന്ന ബെൽജിയത്തിന് താരങ്ങളുടെ പ്രായവും മോശം ഫോമുമാണ് പ്രതിസന്ധി.
അൽഫോൺസോ ഡേവിസ് ആണ് കാനഡയ്ക്ക് കരുത്ത്. ബെൽജിയം പ്രായത്തിൻ്റെ ബുദ്ധിമുട്ട് നേരിടുമ്പോൾ കാനഡ യുവത്വത്തിൻ്റെ പ്രസരിപ്പിലാണ്. മുൻ വർഷങ്ങളിൽ കനേഡിയൻ പ്രതിരോധം മികച്ച മുന്നേറ്റം നേടുകയും ചെയ്തിരുന്നു.